Monday, 18 February 2013

ഓര്‍മ്മയുണ്ടോ ഈ ദിവസം ........

മറക്കാനാവാത്ത ഒരു ദിനം 

30th July 1999.

    രാവിലെ 9 മണിക്ക്  അയല്‍ക്കാരന്‍ ദാമു ഏട്ടന്റെ ജീപ്പില്‍ ഞങ്ങള്‍ ( എല്ലാരും ഉണ്ട് , ഞാന്‍ അച്ഛന്‍ , അമ്മ, അനിയന്‍  പിന്നെ അനിയത്തിയും ) നവോദയ ഗേറ്റ്ന്റെ അടുത്ത് എത്തുമ്പോഴേക്കും  ഏകദേശം ആ പ്രദേശമൊക്കെ ജീപുകളും കാറുകളും പിന്നെ ആള്‍ക്കാരെയും കൊണ്ട് നിറഞ്ഞിരുന്നു . ജീപ്പിന്റെ പുറകിലത്തെ സീറ്റില്‍ അമ്മയുടെ അടുത്ത്  ഇരിക്കുകയായിരുന്നു ഞാന്‍ . പുറത്തേക്കു നോക്കിയപ്പോള്‍ എന്നെപോലുള്ള കുറെ കുട്ടികള്‍ ആ  മതിലിനോട് ചേര്‍ന്നുള്ള ഗേറ്റിന്റെ അടുത്തായി നില്‍ക്കുന്നതും കണ്ടു.
 " ബേഗം ഏറങ്ങ് ടാ  ... നമ്മ ബൈതുന്നാ  തോന്നുന്നേ  " ജീപിന്റെ പുറകിലത്തെ ഡോര്‍ തുറന്ന്  സീറ്റിന്റെ അടിയില്‍ നിന്നും എനിക്കായി വാങ്ങിയ പുതിയ Denlope പെട്ടി വലിച്ചിറക്കുനതിന്റെ ഇടയില്‍ അച്ഛന്‍ പറഞ്ഞു. ഞങ്ങള്‍ ഇറങ്ങിയതിനു ശേഷം ദാമുവേട്ടന്‍ ജീപ്പില്‍ കേറി  ഓരോ സാധങ്ങളായി  പുറത്തേക്കിറക്കാന്‍ തുടങ്ങി.  കിടക്ക, ബക്കറ്റ്‌ , മഗ്ഗ് , സോപ്പ് , ചീപ്പ് ,കണ്ണാടി  എന്ന് വേണ്ട എല്ലാം വരിവരിയായി പുറത്തു നില്‍ക്കുകയായിരുന്ന ഞങ്ങളുടെ കയ്യിലേക്ക്  ദാമുവേട്ടന്‍ എടുത്തു തന്നു. സാധനങ്ങള്‍ പകുതി പുറത്തെത്തിക്കാണും അപ്പോഴാണ്‌ അവിടത്തേക്ക്  കയ്യും വീശി ഒരു ഫാമിലി കടന്നു വന്നത് . വളരെ സന്തോഷത്തോടെ സ്വന്തം  അച്ഛനെ അനുഗമിച്ച ആ ചെറുക്കനെ ഞാന്‍ പ്രത്യേകം ശ്രദ്ദിച്ചു . ഇവനോനും ഒരു വിഷമവും ഇല്ലേ എന്നാണ് അപ്പൊ ചിന്തിച്ചത്.
" ഇതൊന്നും ഇപ്പൊ കൊണ്ടോവണ്ടാപ്പാ..... അയിനു മുന്‍പെ  എല്ലാരും വന്ന്വോ എന്നെല്ലം അപ്പ്യക്ക്‌ നോക്കണോലും... ". എന്തെങ്കിലും പറയാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ആ അച്ഛന്‍ സ്വയം പരിചയപ്പെടുത്തി.
" കരിവേടകത്താ ഞങ്ങളെ ബീട് .... നിങ്ങളെ ജീപ്പ് കൊളത്തൂരുന്നു ഞങ്ങളെ വണ്ടീരെ മുന്‍പേ കേറിയത്‌ കണ്ടിറ്റാമ്പോ തന്നെ ഇവന്‍ പറഞ്ഞു നിങ്ങളും നവോദയക്ക്  തന്നെ ആയിരുക്കുംന്ന് ".
പിന്നെ പരിചയപ്പെടാന്‍ അധിക സമയം ഒന്നും വേണ്ടി വന്നില്ല. അച്ഛന്‍ അവന്റെ അച്ഛന്റെയടുത്തും അമ്മ അവന്റെ അമ്മയുടെ  ചേര്‍ന്ന് വര്‍ത്തമാനങ്ങള്‍ പറഞ്ഞു കൊണ്ട് നവോദയക്കകത്തേക്ക് നടന്നു . അനിയനും അനിയത്തിയും കയ്യും പിടിച്ചു അവരുടെ പുറകെ പോയി . ഇതൊക്കെ കണ്ട്  അല്പം പരിഭ്രമിച്ചു നിന്ന എന്റെ തോളില്‍ കയ്യിട്ട് ആ ചെറുക്കനും പറഞ്ഞു " വാടാ പോകാം ... " . അന്നേരം ഞങ്ങളെ ആരേലും ശ്രദ്ദിച്ചിരുന്നെങ്കില്‍ ഉറപ്പായിട്ടും  പറഞ്ഞേനെ ഞങ്ങള്‍ ചെറുപ്പം തോട്ടേ ഒരുമിച്ചു  കളിച്ചു വളര്‍ന്ന കൂട്ടുകാരാണെന്നു.
നടത്തത്തിന്നിടയില്‍  വാ തോരാതെ എന്നോട്  പലതും പറഞ്ഞോണ്ടിരുന്ന അവനെ നോക്കി ഞാനും ചോദിച്ചു " എന്താ നിന്റെ പേര് ? "
 " വിനായ ചന്ദ്രന്‍ കെ നായര്‍ ... !! " വളരെ പെട്ടെന്ന് ചങ്ങാതി പറഞ്ഞോപ്പിച്ചു. " നീ എന്നെ വിനയാ എന്ന് വിളിച്ചോ ... അടുത്തറിയുന്നവരൊക്കെ അങ്ങനെയാ വിളിക്കാറ്  "
അങ്ങനെ ആ അഞ്ചു മിനിട്ട് പരിചയം ഞങ്ങളെ അടുത്തറിയുന്നവരാക്കി .

ഞങ്ങള്‍ നേരെ ചെന്നത്  ഒരു വലിയ ഹാളിലേക്ക് ( M .P ഹാള്‍ ) ആയിരുന്നു . അവിടെ സ്റ്റേജിന്‍റെ ഒത്ത നടുക്ക് ഒരു സാറും ടീച്ചറും ഇരിക്കുന്നത് ഞങ്ങളെക്കാളും മുന്‍പേ ഞങ്ങളുടെ രക്ഷിതാക്കള്‍ കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു . വിനയനും ഞാനും അവരുടെ അടുത്തേക്ക്‌ ചെന്നു.
 " ഇത്  മോഹനകുമാരി അമ്മ ടീച്ചര്‍ .... എന്‍റെ പേര് ശ്യാം ഭട്ട് .. " അവിടെയിരുന്ന വെളുത്ത്  തടിച്ച  സര്‍ ഞാന്‍ അന്നേ വരെ കേട്ടിട്ടില്ലാത്ത തരം മലയാള ശൈലിയില്‍ സ്വയം പരിചയപ്പെടുത്തി.  (സര്‍ ഒരു കന്നഡക്കാരന്‍ ആണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി പോലും അന്നെനിക്കുണ്ടായില്ല എന്ന് പറയുന്നതാവും സത്യം )
" എന്താ നിങ്ങളുടെ രണ്ടാളുടെയും പേര് ? " അമ്മ ടീച്ചര്‍ ഞങ്ങളോട്  ചോദിച്ചു.
" ഇത്  രജീഷ് ... എന്റെ പേര് വിനയ ചന്ദ്രന്‍ കെ നായര്‍ ... !! " . ഞാന്‍ 'ര' എന്ന് ഉച്ചരിക്കുന്നതിനു മുന്‍പ് തന്നെ എന്റെ സുഹൃത്ത് കേറി ഗോളടിച്ചു കഴിഞ്ഞിരുന്നു  .
അമ്മ ടീച്ചറും  ശ്യാം ഭട്ട് സാറും അവരുടെ കയ്യിലുണ്ടായ രജിസ്റ്ററില്‍ ഞങ്ങളുടെ പേരുകള്‍ തപ്പി.
" വിനയ ചന്ദ്രന്‍ എന്റെ ഹൗസിലാണ് ... ഇയാളുടെ പേരെന്താന്നാ പറഞ്ഞേ ...? " സര്‍ എന്നെ നോക്കി ചോദിച്ചു . അതിനു എന്ന്റെ പേരും അവനല്ലേ പറഞ്ഞെ, എന്റെയുള്ളിലെ മത്സരബുദ്ധിയുള്ള കുട്ടിയുടെ ആശങ്ക തൊണ്ടയില്‍ കുരുങ്ങിക്കിടന്നു .
" രജീഷ് കെ എ "
" ആ... ഇയാളും 'സഹ്യാദ്രി'ഹൗസില്‍ തന്നെയാ .... " ശ്യാം ഭട്ട് സര്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു .
എന്റെ അച്ഛനു അതുവരെ അവിടെ നടന്നത് ഒന്നും  ഇഷ്ടപ്പെട്ടില്ല എന്ന് ആ മുഖം കണ്ടപ്പോള്‍ തന്നെ ഞാനൂഹിച്ചു .
"നിങ്ങള്‍ മാറി നിന്നോളൂ എല്ലാവരും എത്തിയിട്ട് നമുക്കൊന്നിച്ച്‌ ഹോസ്റ്റലില്‍ പോകാം "
ശ്യാം ഭട്ട് സര്‍ ഞങ്ങളെ മാറ്റി നിര്‍ത്തിയിട്ട്‌ അടുത്ത രക്ഷിതാവിനെയും കുട്ടിയേയും അടുത്തു വിളിച്ചു .
ഞങ്ങള്‍ ഹാളിന്‍റെ ഒരു മൂലയിലേക്ക് മാറി നിന്നു . അച്ഛനും വിനയന്റെ അച്ഛനും കൂടി എന്തോ കാര്യം അന്വേഷിക്കാന്‍ വീണ്ടും ശ്യാം ഭാട്റ്റ് സാറിന്റെ  അടുത്തേക്ക്  പോയി . ഒരു മിനട്ടത്തെ  ചര്‍ച്ചകള്‍ക്ക് ശേഷം തിരിച്ചു വന്നു .
" പത്തു മണിക്ക് ഒരു മീറ്റിംഗ്  ഇണ്ടോലും ... അത് കയിഞ്ഞിറ്റാന്പോ ഹോസ്റ്റലിലേക്ക്  പൂവാം ... ഞങ്ങ  ഇപ്പൊ ബരാം ... നിങ്ങാ എല്ലാരും ഈട തന്നെ ഇരുക്ക്‌ട്ടോ .... " അച്ഛന്‍ അമ്മയോട് പറഞ്ഞു. അച്ഛനും വിനയന്റെ അച്ഛനും കൂടി പുറത്തേക്ക് പോവുകയും ചെയ്തു .
എന്നോട് എന്തോ സംസാരിക്കാന്‍ വന്ന വിനയനെ വിട്ടു ഞാന്‍ അമ്മയുടെ അടുത്തേക്ക് നീങ്ങി.
അമ്മയുടെ സാരിത്തലപ്പും പിടിച്ചു നിന്നപ്പോ അറിയാതെ കണ്ണില്‍ നിന്നും വെള്ളം നിറഞ്ഞു  . അമ്മ കാണാതെ അത് തുടക്കുകയും ചെയ്തു . സംസാരിച്ചു നിന്നിരുന്ന അമ്മയ്ക്കും വിനയന്റെ അമ്മയ്ക്കും സമയം പെട്ടെന്ന് പോയിക്കാണും , എനിക്കാണെങ്കില്‍ ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു .
വിനയന്‍ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോഴാണ്  അവിടേക്ക് നവോദയ യുണിഫോം ധരിച്ച നീണ്ടു മെലിഞ്ഞ ഒരു ചെക്കന്‍ വന്നത് . ഞാനും വിനയന്റെ അടുത്തേക്ക് ചെന്നു.
" എന്താ നിന്റെ പേര് ...?? ഏഴാം ക്ലാസ്സിലാണോ പഠിക്കുന്നത് ... ?? ഏതാ ഹൗസ് ..?? " വിനയന്‍ രണ്ടു മൂന്നു ചോദ്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു തീര്‍ത്ത്‌ . ആ വന്ന യുണിഫോംകാരന്‍ അവനെ തറപ്പിച്ചൊന്നു നോക്കിയിട്ട് എന്റെ നേരെ തിരിഞ്ഞു.
" എന്താ പേര് ..? " യുണിഫോംകാരന്‍  എന്നോട് ചോദിച്ചു.
"ര..ജീ..ഷ് " ഇപ്പ്രാവശ്യം പതിയെ ആണെങ്കിലും ഞാന്‍ പെട്ടെന്ന് പറഞ്ഞു തീര്‍ത്തു.
" വിനയ ചന്ദ്രന്‍ .... അങ്ങനെയാ എന്റെ പേര് ... "
" നിന്നോട് ഞാന്‍ ചോദിച്ചില്ലല്ലോ..." അല്‍പ്പം കടുത്ത സ്വരത്തില്‍ തന്നെ യുണിഫോംകാരന്‍ വിനയനെ നോക്കി പറഞ്ഞു . അത് കഴിഞ്ഞു യുണിഫോംകാരന്‍ അവിടെ നില്‍ക്കുന്നുണ്ടായ ഞങ്ങളുടെ രക്ഷിതാക്കള്‍ അയാളുടെ ശബ്ദം കേട്ടോ എന്നറിയാന്‍ മെല്ലെ അവരെയും ശ്രദ്ദിച്ചു.
" ഞാന്‍ രതീഷ്‌ .... എഴാം ക്ലാസ്സിലാ... ഇവരുടെ ഹൗസ്  തന്നെയാണ് ..." യുണിഫോംകാരന്‍ ഞങ്ങളുടെ  രക്ഷിതാക്കളുടെ അടുത്ത് സ്വയം പരിചയപ്പെടുത്തി.
പിന്നെ അതുവരെ നവോദയയിലെ രണ്ടാമത്തെ ബാച്ച്  മുതല്‍ പുതുതായി വരുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ ആദ്യം പരിചയപ്പെടുന്ന സീനിയര്‍ കുട്ടിയോട് പറയുന്ന എല്ലാ ഡയലോഗുകളും ഞങ്ങളുടെ രക്ഷിതാക്കളും രതീഷേട്ടനോട് പറഞ്ഞു. ഇവന്‍ തോട്ടാവാടിയാണ് , രാത്രി ഉറങ്ങുമ്പോ മുള്ളാന്‍ സാധ്യത ഉണ്ട് , ഇഷ്ടപ്പെട്ട കറി  പുളിശ്ശേരിയാണ് , സ്കൂള്‍ യുണിഫോം ഇടാന്‍ അറിയില്ല, ഇവന്‍ ചക്കയാണ് മാങ്ങയാണ്‌ തേങ്ങയാണ് എന്ന് വേണ്ട , ഞങ്ങളുടെ പല രഹസ്യങ്ങളും അഞ്ചു മിനിറ്റിനുള്ളില്‍ രതീഷേട്ടനെ അറിയിക്കാന്‍ ഞങ്ങളുടെ അമ്മമാര്‍ ഒരു മത്സരം തന്നെ നടത്തി .
പിന്നെ ഞങ്ങളുടെ അച്ഛന്മാരുടെ ഊഴമായിരുന്നു , നവോദയയില്‍ അത് കിട്ടുമോ...?, ഇത് കിട്ടുമോ....? എന്ന് വേണ്ട നവോദയയെക്കുറിച്ച് ഒരു ഇരുന്നൂറു പേജില്‍ കവിയാതെ എഴുതാനുള്ള എല്ലാ വിവരങ്ങളും അവരും ചോദിച്ചു മനസ്സിലാക്കി. നവോദയ ഉണ്ടാക്കിയത് തന്നെ താനാണെന്ന ഭാവത്തില്‍ രതീഷേട്ടന്‍ എല്ലാത്തിനും മറുപടിയും പറയുന്നുണ്ടായി .   ചോദ്യ ശരങ്ങള്‍ കുറച്ച് കുറഞ്ഞപ്പോള്‍ ഞങ്ങളെ നോക്കി രതീഷേട്ടന്‍ പറഞ്ഞു .
 " ഞാന്‍ പത്തു മണിക്കത്തെ മീറ്റിംഗ് കഴിയുമ്പോഴേക്കും വരാം "
ആ വലിയ ഹാളിന്റെ പുറത്തേക്കുള്ള വാതിലിന്റെ അടുത്തെത്തിയപ്പോള്‍ രതീഷേട്ടന്‍ വിനയനെ ഒന്നുകൂടി തറപ്പിച്ചു നോക്കിയിട്ട് നടന്നകന്നു.

കൃത്യം പത്തു മണിക്ക് തന്നെ മീറ്റിംഗ് തുടങ്ങി . നേരത്തെ നവോദയയില്‍ വന്നപ്പോള്‍ ഞങ്ങളെ ഇന്റര്‍വ്യൂ ചെയ്ത പ്രിന്‍സിപ്പല്‍ ബാലസുബ്രമണ്യന്‍  സര്‍ മൈകിന്റെ അടുത്തെത്തി.
" ദാ ... ഇതാ നവോദയ പ്രിന്‍സിപ്പല്‍ ..." സര്‍ നെ ചൂണ്ടി വിനയന്‍ പറഞ്ഞു .
" അറിയാം  ടാ... എന്നെയും ഇന്റര്‍വ്യൂ ചെയ്തത് സര്‍ തന്നെയാണ് "
എന്‍റെ മറുപടി അങ്ങനെയായിരിക്കും എന്ന് വിനയന്‍ പ്രതീക്ഷിച്ചു കാണില്ല. അവന്റെ മുഖത്ത് ചെറിയൊരു ചമ്മല്‍ പ്രത്യക്ഷപ്പെട്ടു .
രക്ഷിതാക്കളും കുട്ടികളും  സാറിന്റെ പതിനഞ്ചു മിനിറ്റു  പ്രസംഗം നിന്നും ഇരുന്നും വര്‍ത്തമാനം  പറഞ്ഞുമൊക്കെ കേട്ടുകൊണ്ടിരുന്നു . അന്ന് ചെയ്യേണ്ട കാര്യങ്ങളൊക്കെയും സര്‍ വിവരിച്ചു. ഒരു മണിക്ക്  മുന്‍പ് രക്ഷിതാക്കളൊക്കെയും കുട്ടികളെ ഹൗസ് മാസ്ടര്‍മാരെ ഏല്‍പ്പിച്ചു ധൈര്യമായി തിരിച്ചു വീട്ടിലേക്കു പോകണമെന്ന്  സര്‍ പറഞ്ഞു .
" നിങ്ങളോട് എല്ലാരോടും എനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട് . ആരും കുട്ടികളുടെ അടുത്ത് eatable items ഒന്നും കൊടുക്കരുത് . അഥവാ അങ്ങനെ  വല്ലതും കൊണ്ട് വന്നിട്ടുണ്ടെകില്‍ ദയവായി നിങ്ങള്‍ തിരിച്ചു കൊണ്ട് പോകണം . അത് കുട്ടികള്‍ക്ക് കൊടുക്കരുത് "
" സര്‍ eatables എന്ന് പറഞ്ഞ എന്താ സര്‍ ... ?? "
സ്റ്റേജിന്‍റെ  അടുത്തുണ്ടായിരുന്ന വെളുത്ത ഒരു ചെറുക്കന്റെ ചോദ്യം വളരെ ഉച്ചത്തിലായിരുന്നു . Eatables എന്താണെന്ന് അറിയാമായിരുന്ന രക്ഷിതാക്കളും കുട്ടികളും ഹാളിനുള്ളില്‍ ചിരി നിറച്ചു . എന്റെ അച്ഛനും അമ്മയുമൊക്കെ    " ഇതെന്താണാവോ സാധനം " എന്നാ മട്ടില്‍ ബാക്കിയുള്ളവരെ നോക്കി നിന്നു .
" ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ... ഒന്നും രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് കൊടുക്കണ്ട എന്നാണ് ഞാന്‍ ഉദ്ദേശിച്ചത് . അതൊക്കെ ഇവിടത്തെ മെസ്സില്‍  നിന്ന്  വേണ്ടുവോളം ഞങ്ങള്‍ കുട്ടികള്‍ക്ക് കൊടുത്തോളാം "
" സര്‍ ബിസ്ക്കറ്റ് പ്രശ്നമില്ലലോ .... ?? " ഏതോ ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദിച്ചു.
( സത്യമായിട്ടും ഓര്‍മയില്ല ഏത്  പെണ്‍കുട്ടിയുടെതാണെന്നു .. ഓര്‍മയുണ്ടെങ്കില്‍ ഞാന്‍ എന്തായാലും ഇവിടെ ആളുടെ പേരെഴുതിയേനെ ..).
" ഇല്ല ഒന്നും പറ്റില്ല .... അപ്പൊ എല്ലാം പറഞ്ഞ പോലെ  ഒരു മണിക്ക്  മുന്‍പ് രക്ഷിതാക്കളൊക്കെയും കാമ്പസ് വിട്ടു തിരികെ പോകേണ്ടതാണ് . നിങ്ങടെ കുട്ടികള്‍ ഇനി ഞങ്ങളുടേത് കൂടിയാണ് . ഞങ്ങള്‍ക്ക് ഇനി ഇന്നിവിടെ ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട് അതുകൊണ്ട് പ്ളീസ് .... ദയവായി എല്ലാരും  ഒരു മണിക്ക് മുന്‍പേ പോകണം  " പ്രിന്‍സിപ്പല്‍ സര്‍ ഒരു നിറഞ്ഞ  പുഞ്ചിരിയോടെ  പ്രസംഗം അവസാനിപ്പിച്ചു.
ഹാള്‍ പിന്നെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും ബഹളം കൊണ്ട് നിറഞ്ഞു. രതീഷേട്ടന്‍ എവിടെന്നോ ഓടിക്കിതച്ചു കൊണ്ട് വന്നു. ഞങ്ങള്‍ 'സഹ്യാദ്രി' ഹൌസ് കാരെയൊക്കെ ശ്യാം ഭട്ട് സര്‍ രതീഷേട്ടന്  കാണിച്ചു കൊടുത്തു.
" ഇത് രതീഷേട്ടന്‍ ... നിങ്ങളെയൊക്കെ ഹോസ്റ്റലിലേക്ക്   ചേട്ടന്‍ കൊണ്ട് ചെന്നാക്കും " ആ 'ചേട്ടന്‍ ' പ്രയോഗം  രതീഷേട്ടന്റെ മുഖത്തു ചെറുതല്ലാത്ത ഒരു അഹങ്കാരവും സന്തോഷവുമൊക്കെ പ്രതിഫലിപ്പിച്ചു.
" എല്ലാവരും വരൂ പോകാം " രതീഷേട്ടന്‍ മുന്‍പേ നടന്നു .
ആ സമയമാകുമ്പോഴേക്കും എല്ലാ വാഹനങ്ങളെയും അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചത് ഭാഗ്യമായി . എന്റെ സ്ഥാവര ജംഗമ വസ്തുക്കള്‍  ഒന്നും  ചുമക്കേണ്ടി വരില്ല എന്നോര്‍ത്തു ഞാനും സമാധാനിച്ചു. പത്തു മിനിറ്റത്തെ നടത്തത്തിനു ശേഷം ഞങ്ങള്‍ സഹ്യാദ്രി ഹൗസിന്‍റെ ആറാം ക്ലാസ്സ്‌ ഡോര്‍മിറ്ററിയില്‍ എത്തി. ആദ്യമായിട്ടായിരുന്നു ഞാന്‍ അങ്ങനെയുള്ള ഒരു ഡോര്‍മിറ്ററി കാണുന്നത്. ഇരുമ്പിന്റെ പത്ത്  ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ ആ ഡോമിന്റെ അകത്ത് ഞങ്ങളെയും കാത്തു കിടപ്പുണ്ടായിരുന്നു. അതും എന്നെപ്പോലുള്ള കുട്ടികള്‍ക്കും പിന്നെ അവരുടെ  രക്ഷിതാക്കള്‍ക്കും പുതിയ ഒരു കാഴ്ചയായിരുന്നു.
രതീഷേട്ടന്‍ എന്നെ പ്രത്യേകം വിളിച്ചു കൊണ്ട് പോയി.
" ഇതാണ് ഈ ഡോമിലെ ഏറ്റവും നല്ല സ്ഥലം . നീ ഇവിടെ കിടന്നോടാ  " ഡോമിന്റെ ഒത്ത നടുക്ക് കിടന്നിരുന്ന  പച്ച പെയിന്റടിച്ച ഒരു കട്ടില്‍ ചൂണ്ടിക്കാട്ടി  രതീഷേട്ടന്‍ എന്നോട്  പറഞ്ഞു.
ആ ഡബില്‍ ഡെക്കര്‍  കട്ടിലിന്‍റെ താഴത്തെ നിലയില്‍ ഞാന്‍ ഇരുന്നു.
കുറച്ചു സമയത്തിനുള്ളില്‍ അച്ഛനും അമ്മയുമൊക്കെ വന്നു . എന്റെ കിടക്കയും പെട്ടിയുമൊക്കെ ഓരോരുത്തരായി കൊണ്ട് വന്നു. അനിയന്‍ വലിച്ചിഴച്ചു എന്റെ ബക്കറ്റ്‌ കൊണ്ട് വന്നപ്പോള്‍ എനിക്ക് ചിരി വന്നു . ഈ ബക്കറ്റ്‌ പോക്കാന്‍ പോലും നിനക്ക് പറ്റുന്നില്ലെടാ എന്ന് ഞാന്‍ ചോദിച്ചപ്പോ അവന്‍ എന്നെ നോക്കി കണ്ണിറുക്കി.
ബക്കറ്റിനകത്ത്  എനിക്ക്  വേണ്ടി വാങ്ങിയ പഴവും ബിസ്ക്കറ്റും ഉണ്ട് എന്നവന്‍ പറഞ്ഞപ്പോ മനസ്സില്‍ ഒരു പേടി എന്നെ പിടികൂടിത്തുടങ്ങിക്കഴിഞ്ഞിരുന്നു.
വിനയന്‍ വന്നു എന്റെ കട്ടിലിന്റെ മുകളില്‍ തന്നെ നിലയുറപ്പിച്ചു. നേരത്തെ eatables സംശയം ചോദിച്ച കുട്ടിയും വന്നു . അവന്‍ ഞങ്ങളെ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു . പേര് ജിതേഷ് . പിന്നെ ദീപേഷ് , അനീഷ്‌ , കിരണ്‍ ലാല്‍ അങ്ങനെ പലരെയും പരിചയപ്പെട്ടു .
വിപിന്‍ രാജ് എന്നാ കുട്ടിയുടെ ഇളയച്ഛനാണ് എന്നെ പഠിപ്പിച്ചിരുന്ന ജഗന്നാഥന്‍ മാഷ്‌ എന്നറിഞ്ഞപ്പോള്‍ അച്ഛന്‍ അവനോടു കൂട്ട് കൂടണം എന്ന് എന്നോട് പറഞ്ഞു. ഭാഗ്യം... !! വിനയന്‍ കേട്ടില്ല.
അമ്മ വന്നു എന്റെ കോട്ടില്‍ കിടക്കയും വിരിപ്പുമോകെ സെറ്റ് ചെയ്തു തന്നു . എല്ലാം കഴിഞ്ഞപ്പോ അമ്മ എന്നെ അടുത്ത് വിളിച്ചിരുത്തി. ഞാന്‍ അമ്മയുടെ മടിയില്‍ തല വച്ച് ആ കോട്ടില്‍ കിടന്നു. "മോന്‍ നല്ലോണം പഠിക്കണം ട്ടുവോ .. " എന്റെ  തലമുടി തടവിക്കൊണ്ട് അമ്മ പറഞ്ഞു . മടിയില്‍ നിന്നും തല പൊക്കി അമ്മയുടെ മുഖത്ത് നോക്കിയപ്പോ അമ്മയുടെ കണ്ണില്‍ വെള്ളം നിറഞ്ഞിരിക്കുന്നു. പിന്നെയും എനിക്കെന്നെ അടക്കി നിര്‍ത്താന്‍ കഴിഞ്ഞില്ല . അമ്മയുടെ മടിയില്‍ മുഖം പൂഴ്ത്തി ഞാനും കരഞ്ഞു . അച്ഛന്‍ വന്നു അമ്മയെ വഴക്ക് പറഞ്ഞപ്പോഴാണ്  ഞാന്‍ എഴുന്നേല്‍ക്കുന്നത് . അപ്പോഴേക്കും ആ റൂമില്‍ ഏകദേശം എല്ലാ കോട്ടുകളിലും കുട്ടികള്‍ എത്തിയിരുന്നു. വിനയന്‍ മുകളിലത്തെ നിലയില്‍ നിന്നും ഇറങ്ങി വന്നു എന്നെ സമാധാനിപ്പിക്കാന്‍ എന്തോ പറയാന്‍ തുടങ്ങി. എന്റെ തുറിച്ചുള്ള നോട്ടം   കണ്ട്  അവന്‍ മിണ്ടിയില്ല .
 ശ്യാം ഭട്ട് സര്‍ പിന്നെയും വന്നു . ഇപ്പ്രാവശ്യം പക്ഷെ  സര്‍ പരുക്കനാവാന്‍ തുടങ്ങുകയായിരുന്നു. എല്ലാ രക്ഷിതാക്കളോടും ഡോര്‍മിട്ടറി വിട്ടു പോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു . പത്തു പതിനഞ്ചു മിനിട്ടിനുള്ളില്‍ എല്ലാവരും  ഡോര്‍മിട്ടറി വിട്ടു. പിന്നെ ഞങ്ങള്‍ എല്ലാവരും ക്ലാസ്സിലേക്ക് പോകാന്‍ തയ്യാറാവണം എന്ന്  ശ്യാം ഭട്ട് സര്‍ പറഞ്ഞു . അപ്പോഴും വന്നു കുറെ സംശയങ്ങള്‍ , യുണിഫോം ധരിക്കണോ എന്നുള്ള സംശയമായിരുന്നു അതില്‍ ഏറ്റവും പ്രധാനപെട്ടത്. അത് വേണ്ട എന്നറിഞ്ഞപ്പോള്‍ എല്ലാര്‍ക്കും സമാധാനമായി .

കുറച്ചു സമയത്തിനുള്ളില്‍ എല്ലാരും നേരെ ക്ലാസ്സിലേക്ക് നടന്നു . ഞാനും വിപിന്‍ രാജും വിനയനും ഒരുമിച്ചു തന്നെ നടന്നു . പത്തു മിനിട്ടത്തെ നടത്തത്തിനു ശേഷം ഞങ്ങള്‍ സ്കൂള്‍ കോമ്പൌണ്ടില്‍ എത്തി .  ഞങ്ങളുടെ പേരുകള്‍ 'എ' ക്ലാസ്സിന്റെയും 'ബി'  ക്ലാസ്സിന്റെയും പുറത്തു എഴുതി ഒട്ടിച്ചിരുന്നു . ലിസ്റ്റ് നോക്കിയ ഞാന്‍ അല്പം പരിബ്രമിച്ചു എന്ന് പറയാതെ വയ്യ . എന്റെ കൂട്ടുകാര്‍ രണ്ടു പേരും  'എ' ക്ലാസ്സിലും ഞാന്‍  'ബി' ക്ലാസ്സിലും ആയിരുന്നു . മാര്‍ഗരറ്റു ടീച്ചര്‍ ആയിരുന്നു ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചര്‍ . ഞങ്ങള്‍ ക്ലാസ്സില്‍ എത്തിക്കഴിഞ്ഞതിനു ശേഷം ടീച്ചറും എത്തി . ഒന്നും പടിപ്പിചോന്നും ഇല്ല. അര മണിക്കൂര്‍ കൊണ്ട് ടീച്ചര്‍ എല്ലാരുടെയും പേരും നാടുമൊക്കെ ചോദിച്ചറിഞ്ഞു. ഞാന്‍ ക്ലാസ്സില്‍ എത്താന്‍ കുറച്ച വൈകിയത് കാരണം  ലാസ്റ്റ് ബെഞ്ചിലാണ്  സീറ്റ് കിട്ടിയത്. ബെഞ്ച് മേറ്റ്സിനെയും പരിചയപ്പെട്ടു . സുബെഷും ബോബ്ബി  മാത്യുവും. പിന്നെയും അരമണിക്കൂറത്തെ ക്ലാസ്സിനു ശേഷം ഏകദേശം ഒരു  മണിയായപ്പോ ഞങ്ങളുടെ ക്ലാസ്സ് പിരിച്ചു വിട്ടു .  'എ' ക്ലാസ്സിനെ വിട്ടിട്ടില്ലാത്തത്  കാരണം അഞ്ചു മിനിട്ട് വിപിന്‍ രാജിനെയും വിനയനെയും  കാത്തു നില്‍ക്കേണ്ടി വന്നു.

ഞങ്ങളെ പിന്നെ കൊണ്ട് പോയത് മെസ്സിലേക്കയിരുന്നു. ഞങ്ങള്‍ക്ക് അവിടെ നിന്നും പ്ലേറ്റ് , ഗ്ലാസ്സ് എന്നിവ മെസ്സിലെ സര്‍ ഞങ്ങള്‍ക്കൊരോരുത്തര്‍ക്കും തന്നു. നവോദയയില്‍ നിന്നും കിട്ടിയ ആദ്യത്തെ പാരമ്പര്യ സ്വത്ത് . എല്ലാം കഴിയുമ്പോഴേക്കും ബാക്കി ക്ലാസ്സിലുള്ള കുട്ടികളെയൊക്കെ ഉച്ചയൂണിനു വിട്ടിരുന്നു. എല്ലാവരും ഞങ്ങളെ വളരെ കൌതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. കുറച്ചു ചേട്ടന്മാരും ചേച്ചിമാരുമൊക്കെ വന്നു പേരും നാടും 'ഹൗസും' ഒക്കെ ചോദിച്ചു.
ഗേള്‍സ് മെസ്സിലാണ് ജൂനിയര്‍ പില്ലെരായ ഞങ്ങള്‍ക്കും ഭക്ഷണം കിട്ടാറുള്ളൂ  എന്ന് രതീഷേട്ടന്‍ പറഞ്ഞു തന്നു. ഭക്ഷണത്തിനു ചോറും , സാമ്പാറും കാബേജു വറവും പിന്നെയൊരു ഉള്ളിയച്ചാരും ഉണ്ടായിരുന്നു . ഇഷ്ടപ്പെട്ടില്ലെങ്കിലും കുറച്ചൊക്കെ കഴിച്ചുന്നു വരുത്തി. ബാക്കിയുള്ളതും എടുത്ത്  പുറത്തേക്ക് നടക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരു ചേച്ചി വാതില്‍ക്കല്‍ വച്ചു  തടഞ്ഞത് .
 "മൊത്തം കഴിക്കണം ... വേസ്റ്റ് ആക്കാന്‍ പറ്റില്ല "
" സാരമില്ലെടി പോട്ടെ ... ആദ്യത്തെ ദിവസമല്ലേ " എതിര്‍ വശത്ത്‌ നിന്നിരുന്ന വേറെയൊരു ചേച്ചി പറഞ്ഞു . അവസാനം രണ്ടു വെണ്ടയ്ക്ക കഷണങ്ങളും കുറച്ചു ചോറും നിന്ന നില്‍പ്പില്‍ തിന്നപ്പോഴാണ്‌ ആദ്യത്തെ ചേച്ചി പോകാന്‍ അനുവദിച്ചത് . പ്ലേറ്റും കഴുകി തിരിഞ്ഞു നടന്നപ്പോ അച്ഛനും  അമ്മയും അനിയനും അനിയത്തിയുമൊക്കെ എന്നെയും കാത്തു വഴിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ ഹോസ്റെലിന്റെ മുന്നിലെത്തിയപ്പോ അവര്‍ അടുത്തു വന്നു.
 " ഞങ്ങള്‍ പോവുന്നു  ട്ടോ ഡാ ... നല്ലോണം പഠിക്കണം .. എല്ലാടത്തും ധൈര്യത്തോടെ നിക്കണം .... നേരത്തെ പോലെ ആവരുത് .. നിന്നോട്  ചോദ്യം തീരുന്നതിനു മുന്‍പേ ഉത്തരം പറയണം " അച്ഛന്‍ പറഞ്ഞ ഉപദേശങ്ങള്‍ കേട്ട് എനിക്ക് അത്ബുതമോന്നും തോന്നിയില്ല . എന്റെ നേരത്തത്തെ  ഊഹം ശെരിയാണെന്ന് എനിക്കു മനസ്സിലായി തുടങ്ങി . എനിക്ക് ടാറ്റയും തന്നു അങ്ങനെ എന്നെ തനിച്ചാക്കി അവരൊക്കെയും യാത്രയായി .

രണ്ടു മണിയായപ്പോ രതീഷേട്ടന്‍ പിന്നെയും വന്നു. ഇപ്പ്രാവശ്യം വേറെ ഒരു ചേട്ടന്‍ കൂടിയുണ്ടായിരുന്നു പുള്ളീടെ കൂടെ . " ഇവനാ .. " വിനയനെ ചൂണ്ടി രതീഷേട്ടന്‍ ആ അന്ച്ചടിക്കാരന്‍ ചേട്ടനോട് പറഞ്ഞു. " നിനക്ക് ചെട്ടന്മാരെയൊക്കെ നീ എന്ന്  വിളിക്കണം അല്ലേടാ ... " അയാള്‍  വിനയനോട് ചോദിച്ചു.
" ഏട്ടാ അറിയില്ലാരുന്നു ...അതാ... " അല്പം പേടിച്ചു വിനയന്‍ ഉത്തരം നല്‍കി. ഒരൊറ്റ ചോദ്യത്തിലൂടെ അവനെക്കൊണ്ട് 'ഏട്ടാ' എന്ന്   വിളിപ്പിക്കാന്‍ പറ്റിയതിന്റെ സന്തോഷം  ആ  അഞ്ചിഞ്ചുകാരന്‍  മറച്ചു വച്ചില്ല.
" എന്റെ പേര് ബിബിന്‍ ... മറക്കണ്ട ട്ടോ .. അടുത്ത പ്രാവശ്യം ചോദിക്കുമ്പോ പറയണം " അഞ്ചിഞ്ചുകാരന്‍ വിനയനോട് പറഞ്ഞു. എന്നിട്ട് ഞങ്ങളെയൊക്കെ നോക്കി . പത്തു പതിനഞ്ചു  മിനിട്ടത്തെ പരിചയപ്പെടലിനും നവോദയ സീനിയറിന്റെ ആദ്യത്തെ പ്രധാന ഡയലോഗായ   " സീനിയര്‍സിനെ ഒക്കെ ചേട്ടാ എന്ന് വിളിക്കണം " ത്തിനും   ശേഷം അവനും ഡോര്‍മിട്ടറി  വിട്ടു .

ഒരു രണ്ടര ആയപ്പോഴേക്കും  രതീഷേട്ടന്‍ ഞങ്ങളെ വിളിച്ചു  നവോദയയിലെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ചെയ്യേണ്ട എല്ലാ കാര്യങ്ങളും   തെറ്റാതെ അങ്ങേരു വിവരിച്ചു തന്നു. ഭക്ഷണ സമയം  പറഞ്ഞത് മാത്രമേ ഓര്‍മ്മ നിന്നുള്ളൂ.

മൂന്നു മണിക്ക് ഞങ്ങളോക്കെയും noon സ്റ്റഡിക്ക് പോയി. എല്ലാരേയും പരിചയപ്പെടാന്‍ കിട്ടിയ സമയമായിരുന്നു. നേരത്തെ പരിചയപ്പെട്ട എന്റെ ബെഞ്ച്‌മേട്സിനെ വിശദമായി പരിചയപ്പെട്ടു. പിന്നെ ചില പേരെക്കൂടിയും പരിചയപ്പെട്ടു . ചില വിരുതന്മാര്‍ ഓടി നടന്നു പരിചയപ്പെടുന്നുണ്ടായിരുന്നു . ചിലര്‍ ക്ലാസ്സിലുള്ള പെന്പില്ലേറെ ഒളി കണ്ണിട്ടു ശ്രദ്ദിക്കുന്നുമുണ്ടായിരുന്നു ( ഞാന്‍ അതെങ്ങനെ കണ്ടു എന്ന് ആരും ചോദിക്കരുത് ). ഇടയ്ക്കൊക്കെ പേരറിയാത്ത ഒരു ടീച്ചര്‍ വന്നു മിണ്ടാതിരിക്കാന്‍ പറയുന്നുണ്ടായിരുന്നു . പരിചയപ്പെടലലിന്റെ ഇടവേളകളില്‍ ഞാന്‍ അച്ഛനെയും അമ്മയെയും ഓര്‍ത്തു . എങ്ങനെയൊക്കെയോ ആ ഒരു മണിക്കൂറും കഴിഞ്ഞു .

തിരിച്ചു ഹോസ്റ്റലില്‍ എത്തി ഇരുന്നത്തെ ഉള്ളു. രതീഷേട്ടന്‍ പിന്നെയും വന്നു. ചായ ഗ്ലാസും എടുത്തു പോകാന്‍ സമയമായി എന്ന്  പറയാന്‍ വന്നതായിരുന്നു. " ഡാ .. ഡാ ... 'ബെറി' കാണിക്കാതെ "  ഗ്ലാസ് എടുക്കാന്‍ തിരക്ക് കൂട്ടിയ ചില ചെക്കന്മാരെ നോക്കി രതീഷേട്ടന്‍ പറഞ്ഞു. ആര്‍ക്കും ഒന്നും മനസിലായില്ല . എല്ലാരുടെയും മുഖം കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു, രതീഷേട്ടന്‍ പച്ച മലയാളത്തില്‍ വിവരിച്ചു " ആക്രാന്തം കാണിക്കാതെ...."
അങ്ങനെ നവോദയ സ്പെഷ്യല്‍ വാക്കുകളില്‍ ഒന്ന് കിട്ടി .

ചായ കുടി കഴിഞ്ഞ് ഞങ്ങള്‍ നേരെ ഗ്രൌണ്ടിലേക്കാണ് പോയത് . പി ടി സര്‍ സ്വയം പരിചയപ്പെടുത്തി . ജോസഫ്‌ സര്‍ താടി വച്ച് ഭയാനകമായ ഒരു രൂപം ആയിരുന്നെങ്കിലും സൌമ്യനായി ചിരിച്ചു . അറ്റെണ്ടാന്‍സ് ഇവിടെയും ഉണ്ട് . ഇത്രേം നേരത്തെ നവോദയ ജീവിതം ഒന്ന് പഠിപ്പിച്ചു , ഇവിടെ അറ്റെണ്ടാന്‍സ് ഇല്ലാത്ത ഒരു പരിപാടി  പോലും ഇല്ല. എല്ലാ സീനിയെര്സിനെയും ജോസഫ്‌ സര്‍ കളിയ്ക്കാന്‍ പറഞ്ഞയച്ചു . കുട്ടികളെല്ലാവരും പല ഭാഗങ്ങളില്‍ക്കൂടി പല ഇടങ്ങളിലേക്കും പോയി . ഹോസ്റെളിലേക്ക് മുങ്ങാന്‍ ശ്രമിച്ച രണ്ടു തടിയന്‍ ചേട്ടന്മാരെ സര്‍ കണ്ടു .
 " ഡാ ... ശ്രീനിധി ... ഇവടെ വാടാ " ജോസഫ്‌  സര്‍ അലറി. ശ്രീനിധി വാണം  വിട്ട പോലെ ഗ്രൌണ്ടിലേക്ക്  തിരിച്ചോടി. കൂടെ മറ്റേ തടിയനും .
എല്ലാവരും ചിരിക്കുവാന്‍  തുടങ്ങിയിരുന്നു. സാറിന്‍റെ തറപ്പിച്ച നോട്ടം എല്ലാരുടെയും ചിരിയൊതുക്കി.
" എല്ലാവരും ഒരു ഗെയിം എങ്കിലും ദിവസവും കളിക്കണം .. ആര്‍ക്കും പി ടി ടൈമില്‍ വെറുതെ ഇരിക്കുവാന്‍ പറ്റില്ല ... പ്രത്യേകിച്ച് ദേ ഇപ്പൊ ഞാന്‍ ഓടിച്ച ആ രണ്ടു മടിയന്മാരെ പോലുള്ളവര്‍ക്ക് "
ജോസഫ്‌  സര്‍ അത് പറഞ്ഞതും എല്ലാരും പരസ്പരം നോക്കുവാന്‍ തുടങ്ങി. സാമാന്യം തടിയന്മാരോക്കെ താഴോട്ടും നോക്കി .
" ഇന്നിപ്പോ നിങ്ങള്‍ എല്ലാവരും എല്ലാം നോക്കി കണ്ടോളു .. വഴിയേ ഓരോ ഗെയിമില്‍ ഏര്‍പ്പെട്ടാല്‍ മതി   "
പെണ്‍കുട്ടികളെയൊക്കെ മേയ്ച്ചു അപ്പോഴേക്കും അമ്മ ടീച്ചറും ആ വഴി വന്നു .  പല ബടായികളും  വിടുന്ന ടീച്ചറായിട്ടാണ് എനിക്ക് തോന്നിയത്. 


ഞങ്ങള്‍ രണ്ടു മണിക്കൂര്‍ നവോദയ ചുറ്റി കറങ്ങി . ഇന്റര്‍വ്യൂ ദിവസം കണ്ടത്ര മനോഹരമല്ല നവോദയ എന്ന് തോന്നി . ഒന്ന് രണ്ടു പ്രാവശ്യം അച്ഛനേം അമ്മയെയും വല്യമ്മയും കൊളത്തൂറിനെയുമൊക്കെ ഓര്‍മ്മ വന്നു . ആരും കാണാതെ കണ്ണുകള്‍ തുടയ്ക്കാന്‍ അപ്പോഴേക്കും ഞാന്‍ പഠിച്ചു കഴിഞ്ഞിരുന്നു . ചേട്ടന്മാരും ചേച്ചിമാരും ഗെയിംസൊക്കെ കഴിഞ്ഞ് ഹൊസ്റ്റെലിലേക്ക് തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളും തിരിച്ചു നടന്നു.

ഞങ്ങള്‍ തിരിച്ചെത്തിയപ്പോഴേക്കും കുളിക്കാനുള്ള ബഹളം തുടങ്ങിയിരുന്നു.  ആറു മണി തൊട്ടു കുളിക്കാനുള്ള ക്യു നില്കലായിരുന്നു പണി . പലരും ഇടയില്‍ കയറി . ഞങ്ങളില്‍ പലരും  പാന്‍റ്സും ഷര്‍ട്ടും ഇട്ടു കയ്യില്‍ പുത്തന്‍ ബക്കറ്റും സോപ്പ് പെട്ടിയുമായി ലൈന്‍ നിന്നപ്പോള്‍ ഹോസ്റെളിലെ മുകളിലത്തെ നിലയില്‍ നിന്നും കുറെ ചേട്ടന്മാര്‍ അണ്ടര്‍വെയര്‍ മാത്രം ഇട്ട്  ഒരു കയ്യില്‍ സോപ്പും മറ്റേ കയ്യില്‍ തോര്‍ത്തുമായി കുളിക്കാന്‍ വന്നു. പലരും ഞങ്ങളെ പുശ്ച്ഭാവത്തില്‍ നോക്കി നടന്നു പോയി . അവര് കുളിമുറിയുടെ അകത്തു കയറാതെ വാഷ്‌ ബെയ്സിനില്‍ നിന്നും വെള്ളമെടുത്തു കുളി തുടങ്ങി .
ക്യു അനന്ദമായി  നീളുന്ന കണ്ടു ക്ഷമ കേട്ട ഞങ്ങളില്‍ പലരും അവരുടെ കൂടെ ചേര്‍ന്നു  . അവസാനം ഞാനും ക്യുവിന്‍റെ തുടക്കം കണ്ടു . കുളിച്ചെന്നു വരുത്തി. അത്രയ്ക്ക് കുളിക്കാന്‍ കഴിഞ്ഞത് തന്നെ മഹാഭാഗ്യം. അത്രയ്ക്കുണ്ടായിരുന്നു വാതിലിലെ മുട്ടല്‍.

ആറര ആയപ്പോഴേക്കും രതീഷേട്ടന്‍ കുളിച്ചു കുട്ടപ്പനായി വന്നു. ഞങ്ങള്‍ കൂട്ടത്തോടെ രതീഷേട്ടന്‍ പറഞ്ഞതനുസരിച്ച് ഈവനിംഗ് സ്റ്റഡിക്കായി ക്ലാസ്സ്‌ റൂമിലേക്ക്‌ നടന്നു . പിന്നേം വന്നു ഒരു ടീച്ചര്‍ അറ്റെന്‍ണ്ടന്‍സ് എടുക്കാനായി. അവര് പോയിക്കഴിഞ്ഞപ്പോള്‍ പിന്നേം ക്ലാസ്സില്‍ ബഹളമായി. ഇതിനകം ക്ലാസ്സിലെ 'കരച്ചില്‍ വിരുതന്മാര്‍' പണി തുടങ്ങിക്കഴിഞ്ഞിരുന്നു . പെണ്‍കുട്ടികളില്‍ കരയാത്ത ചുരുക്കം ചിലരെ ഉണ്ടായിരുന്നുല്ലു.   എനിക്കും കരയണമെന്നു തോന്നി . എന്റെ ബെഞ്ച്‌ മെറ്റ്സ് ആയ സുബേഷും ബോബ്ബിയും വര്‍ത്താനം പറയാന്‍ ഭയങ്കര മിടുക്കന്മാരയത് കൊണ്ട് സമയം പോയതറിഞ്ഞില്ല.

എട്ടരയ്ക്ക് നവോദയ ബെല്‍ ആരോ വീണ്ടും നീട്ടിയടിച്ചു. ഞങ്ങള്‍ ഹൊസ്റ്റെലിലേക്ക് വീണ്ടും നടന്നു . ഹോസ്റ്റലില്‍ എത്തിയിട്ട് പ്ലേറ്റുമായി രാത്രി ഭക്ഷണത്തിനായി മെസ്സിലേക്ക് തിരിച്ചു. 'വെള്ളക്കറിയും' സാമ്പാറും പയര് വരവും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായി. ( ആ വെള്ള നിറത്തിലുള്ള കറിക്ക് അങ്ങനെയാണ് പേരെന്ന് പിന്നീടു നോയലേട്ടന്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത് ) . വിനയന്‍ ഇതിനകം തന്നെ അഡ്ജസ്റ്റ് ആയി കഴിഞ്ഞിരുന്നു കൂടെ അവനു ഒരു പക്കാ കമ്പനിയും കിട്ടി, ദീപേഷ് . ദീപേഷ് ഒരു ബെത്തൂര്‍പാറ പ്രോഡക്റ്റ് ആണെന്ന് വിനയന്‍ പറഞ്ഞപ്പോഴാണ് മനസിലായത്. രണ്ടും ഉഗ്രന്‍ കമ്പനി ആണെന്ന് ഞാനും ചിന്തിച്ചു . വിപിന്‍രാജ് എന്നെപോലെയും . ഇപ്പ്രവ്സ്യം ഞാന്‍ മൊത്തമായും കഴിച്ചു. വെള്ളക്കറി  നല്ല രുചിയുള്ള സാധനമായിരുന്നെന്നു പറയാതെ വയ്യ . വേസ്റ്റ് പിടിക്കാന്‍ നിന്ന ചേച്ചി എന്നെ പിടിച്ചപ്പോള്‍ ഒരു തരാം അഹങ്കാരമായിരുന്നു മുഖത്ത്. " ഇന്ന് നിനക്ക് എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല  മോളെ .... " , ഞാന്‍ മനസ്സില് പറഞ്ഞു.

ഭക്ഷണം കഴിഞ്ഞു വന്നു  ശ്യാം ഭട്ട് സര്‍ ഹൗസ് മീറ്റിങ്ങു വിളിച്ചു. ഹൗസിനു പുറത്തു വച്ചായിരുന്നു മീറ്റിംഗ്.  'കുള്ളന്‍' ബിബിന്‍ ചേട്ടനൊക്കെ സാറുമായി  ഭയങ്കര കമ്പനി ആണെന്ന് തോന്നി . നവോദയയില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ഓരോ കാര്യങ്ങളും ശ്യാം ഭട്ട് സര്‍ വിവരിച്ചു തന്നു. ഞങ്ങളുടെ ഭാഗമാക്കേണ്ട ദിനചര്യ ഓര്‍ഡര്‍ സഹിതം വിവരിച്ചു തന്നു. ഒരു പത്തു പതിനാഞ്ചു  മിനിട്ട് കുഴപ്പമില്ലായിരുന്നു . അത് കഴിഞ്ഞപ്പോഴേക്കും  ഞങ്ങളുടെ സിക്സ്ത് ക്ലാസ് ലൈനില്‍ നിന്നും കരച്ചിലിന്‍റെ  ശബ്ദമൊക്കെ ഉയരുന്നുണ്ടായിരുന്നു .  അത് കേട്ടിട്ടെന്നോണം ശ്യാം ഭട്ട് സര്‍ ചോദിച്ചു .
' ആര്ക്കാ ഇത്ര  വിഷമം ... ആര്‍ക്കെങ്കിലും വീട്ടില്‍ പോകണോ... ? "
" വേണ്ട സാര്‍ ... " വിനയനും ദീപേഷും ഒരുമിച്ചാണ് ഉത്തരം പറഞ്ഞത് . കരയുന്നവരും കരയാത്തവരും പിന്നെ ബാക്കിയുണ്ടായിരുന്ന  സീനിയ്ഴ്സും ഒക്കെ അവരെ രണ്ടുപേരെയും തുറിച്ചു നോക്കി .
എല്ലാം കഴിഞ്ഞു  ഹൗസ് മീറ്റിങ്ങു പിരിച്ചു വിടാന്‍ നേരത്ത് ബിബിന്‍ ചേട്ടന്‍ സാറിന്റെ അടുത്തേക്ക്‌ ഓടി ചെന്ന് ചെവിയില്‍ എന്തോ പറഞ്ഞു .
സര്‍ അത് കഴിഞ്ഞു ഞങ്ങളുടെ നേരെ തിരിഞ്ഞു.
" അതേ ..... അത് പറയാന്‍ വിട്ടു പോയതില്‍ ക്ഷമിക്കണം ... എല്ലാ ജൂനിയര്‍ പിള്ളേരും സീനിയെര്‌സിനെ 'ചേട്ടാ' എന്നെ വിളിക്കാവൂ. അതുപോലെ ജുനിയെര്സിനു സീനിയേര്‍സ് തെറി പഠിപ്പിച്ചു കൊടുക്കരുത്"
അത് കേട്ടപ്പോള്‍ എല്ലാരും ചിരിച്ചു . സാര്‍ നീട്ടി ഒരു ഗുട്നിറെ പറഞ്ഞപ്പോള്‍ ഞങളും തിരിച്ചു പറഞ്ഞു . അവസാനം മീറ്റിംഗ് അവസാനിച്ചതായി സര്‍ പ്രഖ്യാപിച്ചു . 
എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു. എന്നെ പോലുള്ള 'ഒന്‍പത്  മണി' ഉറക്കക്കാര്‍ക്ക് പത്തര വരെയുണ്ടായ ആ മീറ്റിങ്ങ് ശ്വാസം മുട്ടല്‍ പോലെ തന്നെയായിരുന്നു.
രതീഷേട്ടനും ഞങ്ങളുടെ കൂടെ ജുനിയെര്സ് ഡോര്‍മില്‍  കിടക്കാന്‍ സര്‍ പറഞ്ഞേല്‍പിച്ചിരുന്നു . വളരെ ആധികാരികമായി തന്നെ രതീഷേട്ടന്‍ പത്തേ  മുക്കാലോടെ ലൈറ്റുകളൊക്കെ അണയ്ക്കാന്‍ പറഞ്ഞു .

വിനയന്‍ വന്നു ചെരുപ്പ് ഊരി കട്ടിലിന്റെ അടിയിലേക്ക്  എറിഞ്ഞപ്പോള്‍ ഒരു പ്ലാസ്റിക് കൂട അനങ്ങുന്ന ശബ്ദം കേട്ടു. അവന്‍ അധികമൊന്നും ശ്രദ്ദിചില്ലെനു തോന്നുന്നു . മൂടിയ  പുതപ്പിനടിയില്‍ നിന്നും എന്റെ ഹൃദയം പട പട എന്ന് ഇടിയ്കാന്‍ തുടങ്ങിയിരുന്നു .  കുളിക്കാന്‍ പോയ നേരത്ത് തന്നെ ബക്കറ്റില്‍ നിന്നും eatable ഐറ്റംസ് മാറ്റി വയ്കാന്‍ ഞാന്‍ പെട്ട പാട് എനിക്കെ അറിയുള്ളു . നാളെ ആരും കാണാതെ  അത് എവിടേലും കളയണം , അല്ലെങ്കില്‍ വിപിന്‍ രാജ് പറഞ്ഞത് പോലെ വല്ല ബ്രേയ്കും  കിട്ടുമ്പോള്‍ കുളിമുറിയില്‍ കയറി തിന്നണം . വേണമെങ്കില്‍ ഒരു കമ്പനിയ്ക്ക് അവനേം വിളിക്കാം .

അമ്മയെയും അച്ഛനെയും വീട്ടുകാരെയുമൊക്കെ പിന്നെയും ഓര്മ വന്നു . ഒരു തേങ്ങല്‍ തൊണ്ടയില്‍ കുരുങ്ങി കിടന്നു . ഉറങ്ങാതിരിക്കുന്ന കുട്ടികളെ പേടിച്ചിട്ടാണെന്ന് തൊന്നുന്നു.
ഉറക്കം വന്നില്ല. ഇപ്പൊ ഏകദേശം പതിനോന്നു മണി കഴിഞ്ഞു കാണും. ഒരു ചെറിയ കരച്ചില്‍ കേട്ടാണ് ഞാന്‍ എഴുന്നേറ്റത് . അതെന്റെ മുകളിലത്തെ ബെര്‍ത്തില്‍ നിന്നായിരുന്നു .
ഞാന്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ നമ്മുടെ വിനയന്‍ കരയുന്നു .
" എന്താടാ .... ?? " അതികം ഒച്ചയെടുക്കാതെ ഞാന്‍ ചോദിച്ചു .
" എനിക്ക് വീട്ടില്‍ പോകണം ... " അവന്‍ കരയുകയായിരുന്നു. പുറത്തെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ എനിക്കവന്റെ കണ്ണുനീരില്‍ കുളിച്ച മുഖം അവ്യക്തമായി കാണാമായിരുന്നു .
" നമുക്ക് നാളെ വഴിയുണ്ടാക്കാം .... ' ഞാന്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
തിരിച്ചു കട്ടിലില്‍ കേറി കിടന്നപ്പോള്‍ എനിക്ക് ചിരിക്കാന്‍ തോന്നിയില്ല .

ഇനിയും .... ഇനിയും ഏഴു വര്ഷം കഴിയണം ഈ നരകത്തില്‍ നിന്നും ഒന്ന് രക്ഷപ്പെടാന്‍ ....

ബോധം മറയും  വരേയ്ക്കും വിനയന്റെ തേങ്ങലും കോറസ് ആയി ദൂരെ നിന്ന് ഉടമസ്ഥനെ അറിയാന്‍ പാടില്ലാത്ത വേറെ പല തേങ്ങലുകളും കേള്‍ക്കുന്നുണ്ടായിരുന്നു .

അതിന്റിടയ്ക്ക് ഒച്ചയുണ്ടാക്കാതെ ഞാനും പലവട്ടം കരഞ്ഞു .