Monday, 25 March 2013

ഈറ്റബിൾസ്

പതിവു രീതിയിലുള്ള എന്‍റെ കളിയാക്കലുകളും പരിഹാസങ്ങളും നിറച്ചൊരു പുതിയ വിഷയത്തിലേക്ക് സ്വാഗതം .....

ഞാൻ എഴുതുന്ന ബ്ലോഗുകൾ ചിലർക്കെങ്കിലും ഇഷ്ട്ടപ്പെടുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം .

ഈറ്റബിൾസ് എന്ന വാക്ക് നവോദയ വിദ്യാലയത്തിലെ ആദ്യ ദിവസം തന്നെ ഞാൻ കേട്ടിരുന്നു ... അതിനു നവോദയ ജീവിതത്തിൽ എത്ര പ്രാധാന്യം ഉണ്ടെന്നു പിന്നീടുള്ള ഓരോ വർഷങ്ങളിലും ഞാനറിഞ്ഞു .... ആ  സുന്ദരമായ ഓർമകളിലേക്ക് .... 

നവോദയ ദിനത്തിലെ ആദ്യ ദിവസം എനിക്ക് വീട്ടിൽ  നിന്നും സമ്മാനിച്ച നേന്ത്രൻ പഴവും ബിസ്ക്കറ്റും അടങ്ങിയ കവർ ഞാൻ കുറച്ചു ദിവസത്തേക്ക്  തുറന്നു പോലും നോക്കിയില്ല എന്ന് പറയുന്നതാവും  ശരി ... അത് തുറന്നു നോക്കിയപ്പോഴേക്കും പഴമൊക്കെ ചീഞ്ഞളിഞ്ഞ്‌ ഒരു പരുവമായിരുന്നു.   ആരും കാണാതെ അന്നത് ജനലിലൂടെ കളയാൻ തന്നെ എനിക്ക് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു .
പരാജയങ്ങളാണ് വിജയത്തിലേക്കുള്ള ചവിട്ടു പടികളെന്നു ഈറ്റബിൾസ് കാര്യത്തിലെങ്കിലും ഞാൻ വിശ്വസിക്കുന്നു. അല്ലെങ്കിൽ ഇന്നെനിക്കിതെഴുതാൻ മാത്രം കാര്യങ്ങളുള്ള ഒരു വിഷയമേ ആവില്ലായിരുന്നു.

എനിക്ക് എല്ലാ Parents Day ക്കും വയറു നിറയ്ക്കാനുള്ള ഐറ്റംസ് വീട്ടിൽ നിന്നും കൊണ്ടുവരുമായിരുന്നു . കുറ്റിക്കാട്ടിലിരുനു അതൊക്കെ അകത്താക്കുന്നതിനു മുൻപ് അമ്മയുടെ/അച്ഛന്‍റെ സ്ഥിരമൊരു ഡയലോഗുണ്ട്  ,
 "എന്റെ മോനിവിടുന്നോന്നും തിന്നാൻ തരുന്നില്ലേ ഇവർ  .. ?? "
ആദ്യമൊക്കെ ആ ഡയലോഗിനു ഒരു പ്രത്യേകതയുണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്, നവോദയയിൽ നിന്ന് എന്ത് കിട്ടിയാലും അന്നൊന്നും ഇഷ്ടമല്ലായിരുന്നു . പതുക്കെ ഞാനും പഠിച്ചു , വഴുതനങ്ങ കൂടുതലുള്ള സാമ്പാറിനെയും തേങ്ങയിടാത്ത കാബേജു വറവിനെയും ഒക്കെ ഇഷ്ട്ടപ്പെടാൻ . പിന്നീടങ്ങോട്ട് മെസ്സെന്നു പറഞ്ഞാൽ ഒരാവേശമായിരുന്നു. ഇത് വായിക്കാനിടയായാൽ എന്നെ പുശ്ചിക്കാൻ സാധ്യതയുള്ള രണ്ടു പേരുണ്ട് . ( ഇവരെ പതിവിലും നേരത്തെ തന്നെ പരിചയപ്പെടുത്തേണ്ടി വന്നതിൽ അതിയായ ഖേദം രേഖപ്പെടുത്തുന്നു ). ജിതേഷിനും റോബിൻസിനും  മെസ്സും ഫുഡും എന്നൊക്കെപ്പറഞ്ഞാൽ ആവേശത്തിനും അപ്പുറത്തെന്തോ ആയിരുന്നു . ഇവരെന്‍റെ ഹൗസിൽ ആയിരുന്നതുകൊണ്ട് ഇവരുടെ എല്ലാ സാഹസങ്ങളും ഞാൻ അറിഞ്ഞിരുന്നു എന്നു മാത്രം. ഇതുപോലെ എല്ലാ ഹൗസിലും ഉണ്ടായിരുന്നു ഓരോ ഭകന്മാർ.

വിഷയം പിന്നെയും മാറിപ്പോകുന്നു. ഈറ്റബിൾസ് , വീട്ടിൽ നിന്നും ഗെയ്റ്റ് വഴി നമ്മളൊക്കെയും എത്ര തവണ അകത്ത്  കടത്തിയിരിക്കുന്നു . ഡ്രെസ്സിന്‍റെയുള്ളിൽ വച്ചു മൂടി നവോദയ ഗെയ്റ്റെന്ന ചെക്ക്പോസ്റ്റും കടന്നു ഈറ്റബിൾസ് കൊണ്ട് വരുമ്പോൾ അമ്മയ്ക്കെന്നും എന്തോ ഡ്രഗ്സ് കടത്തിക്കിട്ടിയ ആശ്വാസമായിരുന്നു . ആറാം ക്ലാസ്സിലൊക്കെ ബഹു രസമായിരുന്നു ഈറ്റബിൾസ് തീറ്റ. ആരും കാണാതെ ബാത്രൂമിൽ കൊണ്ടു പോയി തിന്നിരുന്ന എത്ര പെരുണ്ടായിരുന്നെന്നു ചിലപ്പോ നവോദയയിലെ കുളിമുറിച്ചുവരുകൾക്ക്  മാത്രം അറിവുള്ള രഹസ്യമായിരിക്കും . ഒരു ബിസ്കറ്റ് പൊട്ടിച്ച് ( പായ്കറ്റല്ല കേട്ടോ )  ഇരുപതു പേർക്ക് വീതം വയ്ക്കുന്ന യേശു ക്രിസ്തുമാരും ഉണ്ടായിരുന്നു എന്‍റെ ഹൗസിൽ . അതിലേറ്റവും കോമഡിയെന്താന്നു വച്ചാൽ ഈ വിരുതന്മാർ വഴിയേ പോകുന്നവരെയൊക്കെ വിളിക്കും , ഒരു പൊടി ബിസ്കറ്റു കഷണം കൊടുക്കാൻ. അത് ചോദിച്ചു വാങ്ങുന്ന ഈറ്റബിൾസ് കൊതിയന്മാരെയും നമ്മളെത്ര കണ്ടിരിക്കുന്നു.
 ( റോബിൻസിനെയും ജിതേഷിനെയും ഞാൻ ഉദ്ദേശിച്ചിട്ടില്ല കേട്ടോ :p )

എനിക്കെല്ലാ  ആഴ്ചയും കിട്ടുമായിരുന്നു രണ്ട്  ടൈഗർ ബിസ്കറ്റ് പായ്ക്കുകൾ . എന്ത് കൊണ്ടുവരാൻ മറന്നാലും വീട്ടിൽ നിന്നും വരുന്നവർ ടൈഗർ ബിസ്കറ്റ് മാത്രം ഒരാഴ്ചയും മറക്കാറില്ലായിരുന്നു.  ആദ്യമൊക്കെ വെള്ളിയാഴ്ച വരെ ഞാൻ സൂക്ഷിച്ചുപയോഗിക്കാറുണ്ടായിരുന്ന പായ്ക്കറ്റുകൾ ഏഴാം ക്ലസ്സെത്തിയപ്പോഴേക്കും ചൊവ്വാഴ്ച വരെ എത്താതായി. ഈറ്റബിൾസ് ഷെയറിങ്ങ് വ്യാപകമായാൽ അങ്ങനെ ചില കുഴപ്പങ്ങളും ഉണ്ട് . പല ഐറ്റംസും തിന്നാൻ പറ്റുമെന്നുളളത് മാത്രമായിരുന്നു ഏക ആശ്വാസം . അപ്പോഴും പല വിരുതന്മാരും  ഒളിപ്പിക്കും , പല സ്പെഷ്യൽ ഐറ്റംസും. ചില ആൾക്കാർ ഷെയർ ചെയ്തിരുന്നത് അതിനു മുൻപത്തെ ആഴ്ച അവർ കഴിക്കാതെ ബാക്കിയാക്കിയ പുഴുത്ത സാധനങ്ങളാണ്.

ആറാം ക്ലാസ്സിലെ വിശേഷങ്ങളാണ് മുകളിൽ കൊടുത്ത പലതും.  ലാറ്റെറൽ എൻട്രിയായി ഞങ്ങളുടെ ഹൗസിൽ എത്തിയ നിധീഷിനെ ഞാനും ഫവാസും ചേർന്ന് ഫ്രെണ്ടാക്കിയത് അവന്‍റെ വീട്ടിൽ നിന്നും ആഴ്ച തോറും കൊണ്ടുവന്നിരുന്ന വലിയ ഈറ്റബിൾസ് കെട്ട് കണ്ട് തന്നെയായിരുന്നു. അടുത്ത ആഴ്ച കൊണ്ട് വരാൻ പറഞ്ഞും കൊണ്ട് അവനുണ്ടാക്കിയിരുന്ന ലിസ്റ്റിൽ ഞങ്ങൾക്കിഷ്ടപ്പെട്ട ഐറ്റംസ് ആയിരുന്നു കൂടുതലും ഞങ്ങൾ തിരുകി കേറ്റിപ്പിച്ചിരുന്നത്.

ഏഴാം ക്ലാസ്സിലെത്തിയപ്പോഴേക്കും ജൂനിയർ പിള്ളേരുടെ ഈറ്റബിൾസ് എങ്ങനെ കൈക്കലാക്കണമെന്ന വിദ്യയൊക്കെ ഞങ്ങളൊക്കെയും സ്വായക്തമാക്കിയിരുന്നു. പല ജൂനിയർ  പിള്ളേരും ഞങ്ങള്ക്ക് ഈറ്റബിൾസ് കൈക്കൂലിയായി തന്നു തുടങ്ങി. കംപ്ലൈന്റ്റ്‌ ചെയ്യും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി എത്ര ലഡുവും ബിസ്ക്കറ്റുമൊക്കെ തിന്നിരിക്കുന്നു .

എട്ടാം ക്ലാസ്സിൽ എനിക്ക് കൊണ്ട് വരാറുള്ള ആഴ്ച quotaയിൽ ഒരു പാക്കറ്റ് ബിസ്കറ്റ് കുറഞ്ഞു. അതൊന്നും പക്ഷെ ഈറ്റബിൾസ് കിട്ടാത്ത ഒരു സ്ഥിതിയിലേക്കൊന്നും എന്നെ എത്തിച്ചില്ലെന്നു പറയാതെ വയ്യ . M. P ഹാളിൻറെ പുറകിലത്തെ മതിലിൻറെ താഴെയുള്ള ഓട്ടയിലൂടെ വിളിച്ചു പറഞ്ഞാൽ രണ്ടു മിനിട്ടിനുള്ളിൽ കിട്ടുമായിരുന്നു പല ഈറ്റബിൾ ഐറ്റംസും. ഇച്ച എന്ന അദൃശ്യ മനുഷ്യൻ അങ്ങനെ ഞങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായി .  ക്ലീനിംഗ് ഡ്യൂട്ടിക്കെന്നും പറഞ്ഞ്  രക്ഷിതാക്കളുടെ കയ്യില നിന്നും ഇച്ചയ്ക്കു സമർപ്പിക്കാനുള്ള കാശും അങ്ങനെ ഒപ്പിക്കാൻ പഠിച്ചു .

ഒൻപതാം ക്ലാസ്സിൽ യു പി യിൽ പോയത് കൊണ്ട് വീട്ടിൽ നിന്നും കൊണ്ട് വരുന്ന ടൈഗർ ബിസ്കറ്റിനായി കാത്തിരിക്കേണ്ടി വന്നില്ല . വിശക്കുമ്പോൾ പുറത്തു നിന്നും കിട്ടുന്ന സമൂസയും പേരയ്ക്കയും ബിസ്കറ്റുമോക്കെ യഥേഷ്ടം കഴിച്ചു . അവിടാകുമ്പോ ആരും ചോദിക്കാനും പറയാനുമൊന്നും ഇല്ലായിരുന്നു .  വൈകുന്നേരങ്ങളിൽ കാമ്പസിൽ വരാറുണ്ടായിരുന്ന ഒരു അന്റിയുണ്ട് . അവരുടെ അടുത്താണെങ്കിൽ എന്നും കടം പറയും . ഇന്ന് അന്പതു രൂപയ്ക്ക് കടം വാങ്ങിയിട്ടുണ്ടെങ്കിൽ നാളെ പോയി പറയുന്ന ഡയലോഗുണ്ട് ,
 " ആന്റി കൽ കാ ബീസ് ഥാ .. ആജ് പചാസ്‌ കാ ചാഹിയെ .. ".
ഇതങ്ങനെ തുടരും, അവസാനം ഒരഞ്ഞൂറിനു തിന്നു കഴിഞ്ഞാൽ നൂറു രൂപ അവർക്ക് കൊടുത്താൽ ഭാഗ്യം. ആ പാവം സ്ത്രീയെ പറ്റിക്കാത്ത മലയാളികൾ എന്റെ കൂട്ടത്തിൽ വന്നവരിൽ ആരും തന്നെ ഇല്ലായിരുന്നു. എല്ലാം ഈറ്റബിൾസിനു വേണ്ടിയായിരുന്നു എന്നോര്ക്കുമ്പോളൊരു സമാധാനം.

പത്താം ക്ലാസ്സിലെ കുട്ടികൾക്ക് എന്നും ഒരു പ്രത്യേക പരിഗണന കിട്ടിയിരുന്നു. അതവരുടെ വീട്ടിൽ നിന്നും parents day  ക്ക്  കൊണ്ട് വരുന്ന ഈറ്റബിൾസിലും പ്രതിഫലിച്ചിരുന്നു. എനിക്കെന്റെ അനിയനു നവോദയയിൽ ഉണ്ടായിരുന്നത് കൊണ്ട്  അതൊന്നും അത്ര മുതലാക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിലും അപ്പോഴതെക്കും വീട്ടിൽ നിന്നും കൊണ്ടു വരുന്ന ഐറ്റംസിനോട് താല്പര്യം കുറഞ്ഞു. ഞാൻ ടൈഗർ ബിസ്കറ്റ് കഴിപ്പ്‌ നിർത്തുകയും ചെയ്തു . എന്ത് കൊണ്ട് വന്നാലും അത് ഹോസ്റ്റലിൽ എത്തേണ്ട താമസം , അതൊക്കെ തവിടു പോടിയാകുമായിരുന്നു . എന്നെക്കാളും ക്ഷീണിച്ച എന്‍റെ  അനിയൻ കഴിച്ചോട്ടെന്നു കരുതി ഞാനെല്ലാം അവന്‍റെ  കയ്യിലേൽപ്പിക്കും.

പത്താം ക്ലാസ്സിലുണ്ടായിരുന്നപ്പോഴാണ്  ഗെയ്റ്റിലെ ഈറ്റബിൾസ് വേട്ട പ്രിൻസിപ്പാൾ സർ കർശനമാക്കിയത് . അതിന്റെ ഡ്യൂട്ടിയാവട്ടെ NCC യ്ക്കും . ഞാനായിരുന്നു അന്നത്തെ NCC ലീഡർ . എല്ലാരേയും പരിശോദിക്കാൻ ആളെ ഏർപ്പാടു ചെയ്യുന്ന ഞാൻ ഈറ്റബിൾസ് കടത്തുന്നത് ശരിയല്ലെന്ന്  തോന്നിയ ഒരു ദിവസം  അമ്മയോട് പറഞ്ഞു , ഇനി ഈറ്റബിൾസ് കുറച്ചു കാലത്തേക്ക് കൊണ്ട് വരേണ്ടെന്ന്. അന്ന് എന്‍റെ അനിയൻ എന്നെ നോക്കി കണ്ണ് മിഴിച്ചത്  എനിക്കിന്നും ഓർമ്മയുണ്ട് .
ഗെയ്റ്റിലെ ഡ്യൂട്ടിക്കിടെ പിടിക്കുന്ന ഈറ്റബിൾസ് അധികവും രക്ഷിതാക്കൾ വാച്ച്‌മാന്‍റെ റൂമിൽ ഉപേക്ഷിച്ചു പോവാറാണ് പതിവ് . അത് തിന്നാനും ഉണ്ടായിരുന്നു വിരുതന്മാർ . എന്നിട്ട് നല്ല ഐറ്റംസ് കൊണ്ട് വരുന്ന വീട്ടുകാരെ അടുത്താഴ്ചയും പിടിക്കാനുള്ള മാസ്റ്റർ പ്ലാനും തയ്യാറാക്കും.

NCC ഡ്യൂട്ടി നിന്ന് പല അമ്മമാരെയും കരയിപ്പിച്ച മനു ഇതേ  ഈറ്റബിൾസ് വിഷയത്തിൽ അന്നത്തെ NCC ഇൻ-ചാർജ് പ്രദീപ്‌ സാറിനോട് ദേഷ്യപ്പെട്ട സംഭവം ഇന്നും എനിക്കോർമയുണ്ട്. PTA യിൽ ഉള്ള parenst ഒരു ചെക്കിങ്ങും ഇല്ലാതെ  ഈറ്റബിൾസ് അവരവരുടെ മക്കളെ ഏൽപ്പിക്കുന്നതാണ് മനുവിനെ അന്ന് ചൊടിപ്പിച്ചത് .
" parents day  യിൽ ഞങ്ങൾ ആൾക്കാരെ ഡ്യൂട്ടിക്ക് നിറുത്തി  ഈറ്റബിൾസ് വേട്ടയാടി പലരുടെയും ശാപം ഏറ്റു വാങ്ങും .. ഇതെന്താ പാവങ്ങൾക്ക് മാത്രമേ നിയമം ബാധകമാവുകയുള്ളോ ?? "
അന്ന് ഞാനും ഉണ്ടായിരുന്നു അവന്‍റെ കൂടെ സാറുമായി തർക്കിക്കാൻ.

Eleventh സ്റ്റാന്റർഡി'ലാണ്  അധികാരം കിട്ടിയത്തിന്റെ സന്തോഷം ശരിക്കും അനുഭവിക്കാൻ തുടങ്ങിയത്. അന്ന് ഹൗസിന്‍റെ പല മേഖലകളിലും ലീഡർമാരെ തിരഞ്ഞെടുത്തപ്പോൾ ആകെ മത്സരം നേരിട്ട ഒരേയൊരു പോസ്റ്റ്‌ മെസ്സ് ലീഡർക്കു  വേണ്ടിയുള്ളതായിരുന്നു. പ്രഫുല്ലൻ സാറിന്‍റെ മുന്നിൽ ഏറ്റവും യോഗ്യനാണ് താനെന്നു തെളിയിക്കാൻ അന്ന് ജിതേഷിനെക്കാളും റോബിൻസിനായി . അവന്‍റെ മെസ്സിലെ പ്രകടനം ചിലപ്പോൾ സാറും കണ്ടിരിക്കാം .

പതിനൊന്നാം ക്ലാസ്സിലെ പവർ ശെരിക്കും ഉപയോഗിക്കുവാൻ കിട്ടിയ അവസരങ്ങളൊന്നും ഞങ്ങൾക്ക് മുൻപേ പോയവരെപ്പോലെ ഞങ്ങളും പാഴാക്കിയില്ല. അതിലേറ്റവും രസകരമായ ഒരു പ്രവർത്തിയുണ്ടായിരുന്നു ; 'ഈറ്റബിൾസ് വേട്ട ' . Parents  day ക്ക് ജൂനിയേർസ്‌  കൊണ്ട്  വരുന്ന ഈറ്റബിൾസ് എല്ലാത്തിന്‍റെയും  ഒരു പങ്ക് എച്ചിതരം കാണിച്ചു കൈക്കലാക്കുന്നതിനു ഞങ്ങൾ ഇട്ട പേര് . അത് ഗുണ്ട പിരിവു പോലെ ഒരധികാരമായിരുന്നു. എല്ലാവരും തരും , നല്ല കിടിലൻ സാധനങ്ങൾ. അത് തിന്ന് നിറഞ്ഞ വയറും ബാക്കി വന്ന ഈറ്റബിൾസുമായി പോയ എനിക്കും റോബിൻസിനും ജിതേഷിനും പുറകെ എത്രയെത്ര തെറികൾ വന്നിരിക്കും .... അത് സമ്മാനിച്ച എല്ലാ നല്ല സഹോദരന്മാരെയും ഒരു ഈറ്റബിൾസ്  ഓർമയിൽ നിറയ്ക്കുന്നു .

ഈറ്റബിൾസിനെക്കുറിച്ചെഴുതുന്പോൾ ഒരിക്കലും മറക്കാൻ കഴിയാത്ത പേരാണ് തടിയൻ അജിത്തിന്‍റെത് . നീ തന്ന ഈറ്റബിൾസ്  'രസം' മെസ്സിൽ സെർവ് ചെയ്ത എത്ര  രാത്രികളിൽ എന്‍റെ വയറു നിറച്ചിരിക്കുന്നു.

ഓർമകൾക്ക് തൽക്കാലം വിട .. അടുത്ത ബ്ലോഗ്‌ എഴുതും  വരെയ്ക്കെങ്കിലും ....

(നിങ്ങളുടെ ഈറ്റബിൾസ്  വിശേഷങ്ങൾ അഭിപ്രായങ്ങളായി പ്രതീക്ഷിച്ചും കൊണ്ട് നിർത്തുന്നു )


$igned Forever